Wednesday, March 7, 2012


ടി.ബി.ലാൽ

തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലെ പ്രശസ്തമായ ഒരു ഐ.ടി കമ്പനിയുടെ വാര്‍ഷികം. തലസ്ഥാനത്തെ നക്ഷത്രഹോട്ടലില്‍ ഒരുക്കിയ ഡിന്നര്‍പാര്‍ട്ടിയിലെ ഏറ്റവും ഡിമാന്‍ഡുള്ള ചൂടന്‍ വിഭവം- ദോശ!
അതേ നമ്മുടെ അടുക്കളപ്പാതകങ്ങളില്‍ ഒരു വിലയുമില്ലാതെ ഒതുങ്ങിക്കിടന്നിരുന്ന ദോശ തന്നെ. ദോശയ്ക്കു വേണ്ടിയായിരുന്നു ടെക്കികളുടെ പിടിവലി. തട്ടില്‍കുട്ടി ദോശയെന്ന ഓമനപ്പേരില്‍ വിളിക്കുന്ന പപ്പടവലിപ്പത്തിലുള്ള നാടന്‍ദോശയാണ് മേശപ്പുറത്ത് നിരന്നിരുന്നത്. തിരുവനന്തപുരത്തു മാത്രമല്ല, കൊച്ചിയിലും കോഴിക്കോട്ടുമൊക്കെയുള്ള പ്രമുഖഹോട്ടലുകളിലെ മെനുചാര്‍ട്ടുകളില്‍ തട്ടുദോശകള്‍ ഇടംപിടിച്ചുകഴിഞ്ഞു. ദോശയുടെ ഒരു കാലം എന്നല്ലാതെ എന്തു പറയാന്‍?

തട്ടില്‍കുട്ടി ദോശ ഇടിച്ചുകയറിയതോടെ സാദാദോശയ്ക്കും മസാലദോശയ്ക്കുമൊന്നും ഇപ്പോള്‍ ആവശ്യക്കാരില്ല. കേരളദോശയെ പുച്ഛിച്ചു പടിയിറക്കിവിട്ടിരുന്ന തമിഴന്‍മാരുടെ അണ്ണാച്ചിഹോട്ടലുകളും ഇപ്പോള്‍ തട്ടുദോശയുണ്ടാക്കാനായി ദോശകല്ലുകള്‍ ചൂടാക്കിത്തുടങ്ങിയിരിക്കുന്നു.

സിനിമാദോശ ഉണ്ടാക്കിയ മാറ്റംദോശയുടെ ഈ ചാകരക്കാലം കേരളത്തില്‍ എന്തുമാറ്റമുണ്ടാക്കി എന്നന്വേഷിക്കുന്നത് രസകരമായിരിക്കും.പുട്ട്-കടല, കപ്പ-ഇറച്ചി, പൊറോട്ട-മുട്ട തുടങ്ങിയ ജനപ്രിയകോമ്പിനേഷനുകളെയെല്ലാം തട്ടുദോശ പിന്നിലാക്കി.

ചമ്മന്തിയോ ചാറോ പിന്തുണ നല്‍കിയാലും ഇല്ലെങ്കിലും ഒറ്റക്ക് ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം ദോശ കൈയടക്കിയിരിക്കുന്നു.മലയാളരുചിയെ അടക്കി ഭരിച്ചിരുന്ന മേല്‍പ്പറഞ്ഞ രുചിക്കൂട്ടുകളില്‍നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനത്തിന് ചുരുങ്ങിയത് ഒരു കൂട്ടംപേരെങ്കിലും സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിനും സംവിധായകനായ ആഷിക് അബുവിനും നന്ദി പറയുന്നുണ്ടാവണം. സിനിമാനുഭവത്തില്‍ മാത്രമല്ല രുചിയുടെ രസക്കൂട്ടുകളിലും പുതിയ ഭാവപ്പകര്‍ച്ചകള്‍ക്ക് ഈ ചിത്രം വഴിയൊരുക്കിയിരിക്കുന്നു. തട്ടുകടകളിലും ഹോട്ടലുകളിലും മാത്രമല്ല വീട്ടകങ്ങളിലും ഇപ്പോള്‍ തട്ടില്‍കുട്ടിദോശക്കാണ് ഏറെ പ്രിയം.

ഭക്ഷണപ്രിയരായ ഒരുകൂട്ടം കഥാപാത്രങ്ങളിലൂടെ ആധുനീകവും നാഗരീകവുമായ മലയാളജീവിതത്തിന്റെ സിനിമാസാക്ഷ്യംകൂടിയാണ് യുവസംവിധായകനായ ആഷിക് അബു സംവിധാനം ചെയ്ത ഈ സിനിമ.
എസ്.എഫ്‌ഐക്കാര്‍ ദോശ കഴിക്കില്ല; അവര്‍ പട്ടിണി കിടക്കുന്നവരാണ്
മുകളിലെഴുതിയ പ്രസ്താവന ഇതോടെ തിരുത്തുകയാണ്. എസ്.എഫ്.ഐക്കാരും ഇപ്പോള്‍ ദോശ കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. എടുപ്പിലും നടപ്പിലും എഴുത്തിലും ചിന്തയിലും ആഷിക് അബു ഒരു ഇടതുപക്ഷക്കാരനാണ്. മുണ്ടുടുക്കുമ്പോള്‍ പക്ഷെ ഈ ഇടതുആഭിമുഖ്യമില്ല. സിനിമയില്‍ തരംകിട്ടിയപ്പോഴൊക്കെ ദേശാഭിമാനി തന്നെ വിടര്‍ത്തിക്കാട്ടാനും മറക്കുന്നില്ല.
രുചിയുടെ വ്യത്യസ്തലോകങ്ങളിലൂടെയുള്ള ഒരു പ്രയാണം ആഷികിന്റെയും ജീവിതത്തിലുണ്ട്. രുചികരമായ ആഹാരം കഴിക്കുമെങ്കിലും ആഹാരത്തോട് അമിതമായ താല്‍പര്യം ഈ വിദ്യാര്‍ത്ഥിനേതാവിനുണ്ടായിരുന്നില്ല. വ്യത്യസ്തകാലങ്ങളില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ജനറല്‍ സെക്രട്ടറിയും
മാഗസീന്‍ എഡിറ്ററും ചെയര്‍മാനുമൊക്കെയായിരുന്നു ആഷിക്. പട്ടിണികിടന്നും പോരാടുന്നവരാണേല്ലാ എസ്.എഫ്.ക്കാര്‍.(അന്ന്).''കോളേജിനുള്ളില്‍ നല്ല കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നു. നമ്മുടെ ചില ഫ്രണ്ട്‌സ് ഒക്കെയാണത് നടത്തുന്നത്. കട്ടന്‍ ചായയായിരുന്നു പ്രധാനഭക്ഷണം. പിന്നെ കോളേജിനടുത്ത് എറണാകുളം ശിവക്ഷേത്രത്തോട് ചേര്‍ന്ന് ചില പരമ്പരാഗതഭക്ഷണങ്ങള്‍ കിട്ടുന്ന ചായക്കടകളൊക്കെയുണ്ട്. ദോശയും പുട്ടും ഉപ്പുമാവും കഴിക്കണമെങ്കില്‍ അവിടെപോകണം. നോണ്‍വെജിറ്റേറിയന്‍ വേണമെങ്കില്‍ ബോട്ടുജെട്ടിക്കടുത്തു പോകണം. അവിടെയുള്ള പാര്‍ട്ടി ഓഫീസായിരുന്നു ഒരുകാലത്തെ പ്രധാനതാവളം. കോളേജില്‍ ചില സഹപാഠികള്‍ നല്ല വാഴയിലവാട്ടി ചോറുകൊണ്ടുവരുന്നവരായിരുന്നു. അവരുടെ പൊതി ഷെയറുചെയ്തുകഴിച്ചിട്ടുണ്ട്. വാട്ടിയ ഇലയുടെ നല്ല ഭംഗിയുള്ള പച്ച ഇപ്പോഴും മനസ്സിലുണ്ട്. ഇലയില്‍ നല്ല തുമ്പത്തൂവെണ്മയുള്ള ചോറ്. സാള്‍ട്ട് ആന്റ്‌പെപ്പറിന്റെ വ്യത്യസ്തതയുള്ള പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തപ്പോള്‍ ഈ ഓര്‍്മകള്‍ ഉപകരിച്ചു.
'' മലയാളരുചിയും, ജീവിതവും- വ്യത്യസ്തമായ ഈ പ്രമേയത്തിലേക്ക് എത്തിയതെങ്ങിനെ?

ഭക്ഷണം മലയാൡജീവിതത്തോട് വളരെയെറെ അടുത്തുനില്‍ക്കുന്നതാണെന്ന് പറഞ്ഞാല്‍ അതൊരു ജാഡയാകുമേല്ലാ. ഭക്ഷണത്തിന് ടേസ്റ്റിെല്ലങ്കില്‍ ആഹാരത്തോട് മാത്രമല്ല ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാത്തവരാണ് നമ്മള്‍. ഭക്ഷണത്തെ പ്രമേയമാക്കി മലയാളത്തില്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വളരെ ഗൗരമായി ഈ വിഷയം കൈകാര്യംചെയ്ത സിനിമകളില്ല. എന്റെ മനസ്സില്‍ ഇതേപ്പറ്റിയുള്ള ചില ചിന്തകളുണ്ടായിരുന്നു. അനുയോജ്യമായ സന്ദര്‍ഭമൊരുങ്ങിയപ്പോള്‍ ഇതുചെയ്യുവാന്‍ തീരുമാനിച്ചു.
വ്യത്യസ്തമായ പോസ്റ്ററുകളും പരസ്യവാചകങ്ങളും. രുചികരമായ ഒരു സദ്യയിലേക്കു ക്ഷണിക്കുന്ന ഒരു ഫീല്‍ ഉണ്ടായിരുന്നു

ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് ഞങ്ങള്‍ ഈ സിനിമയ്ക്കു നല്‍കിയ തലക്കെട്ടുകളിലൊന്ന്. ദോശ കഴിക്കാന്‍ കയറി ഒരു ബിരിയാണി കഴിച്ചിറങ്ങിയ സുഖമെന്നാണ് പല പ്രേക്ഷകരും എന്നെവിളിച്ചുപറഞ്ഞത്. ഈയിടെ എരമല്ലൂരിലെ തിയറ്ററില്‍ സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് തിയറ്റര്‍ ഉടമകളും സിനിമയെ സ്‌നേഹിക്കുന്നവരും ചേര്‍ന്ന് ദോശ ചുട്ടുകൊടുത്തിരുന്നു. പരസ്യത്തിലെ പ്രചരണത്തിലുപരി പ്രേക്ഷകരുടെ ഭാഗത്തു നിന്നുള്ള സദുദ്യമങ്ങളും നല്ലവാക്കുകളുമാണ് ചിത്രത്തെ ഇങ്ങനെ വിജയിപ്പിച്ചത്.
മലയാളസിനിമയില്‍ ട്രാഫിക്കും സാള്‍ട്ട് ആന്റ് പെപ്പറും ചാപ്പാകുരിശും പോലുള്ള സിനിമകള്‍ മാറ്റം കുറിച്ചിരിക്കുന്നു ?
കാശുകൊടുത്ത് സിനിമ കാണാനെത്തിയവരെ നിരാശപ്പെടുത്താതിരിക്കുക എന്നതാണ് എന്റെപോളിസി. ഇതാണ് ഒരു ചിത്രത്തിന്റെയും സംവിധായകന്റെയും പ്രാഥമികമായ ധര്‍മമെന്നു ഞാന്‍ കരുതുന്നു. സാള്‍ട്ട് ആന്റ് പെപ്പറിന്റെ വിജയം ഇത്തരത്തിലുള്ള നിരവധി സിനിമകള്‍ ഉണ്ടാവാന്‍ കാരണമായേക്കും. ട്രാക്ക് മാറി ചിന്തിക്കാനും അത് ബോധ്യപ്പെടുത്താനും വലിയ ബുദ്ധിമുട്ടായിരുു. ഇനി ആ സ്ഥിതിക്ക് മാറ്റം വരും. പുതിയ ചെറുപ്പക്കാരും സോഷ്യല്‍മീഡിയ നെറ്റുവര്‍ക്കുകളുമൊക്കെ ഈ മാറ്റത്തിനു വലിയ പങ്കുവഹിച്ചു.

സാള്‍ട്ട് ആന്റ് പെപ്പറിന്റെ വിജയത്തില്‍ ഫെയ്‌സ്ബുക്കും ഒരു പങ്കുവഹിച്ചു.

ഫെയ്‌സ്ബുക്കും ദോശയും തമ്മില്‍ ബന്ധമൊന്നുമില്ല. പക്ഷെ സാള്‍ട്ട് ആന്റ് പെപ്പര്‍ ഇറങ്ങിയ ശേഷം ഫെയ്‌സ്ബുക്കില്‍ ദോശയും ഇടം പിടിച്ചു. സിനിമയെ വലിയ വിജയത്തിലെത്തിച്ചതില്‍ ഫെയ്‌സ്ബുക്കിനും വലിയ പങ്കുണ്ട്. സാള്‍ട്ട് ആന്റ് പെപ്പറിനായി പ്രത്യേകപേജ് ക്രിയേറ്റുചെയ്തു. ധാരാളം പേര്‍ അതിലംഗങ്ങളായി. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഫെയ്‌സ് ബുക്ക് അംഗങ്ങളെല്ലാം ചിത്രം തുടക്കത്തില്‍ത്തന്നെ കാണുകയും പ്രമോഷന്‍ നല്‍കുകയും ചെയ്തു. ഇത് നല്ല ചിത്രമാണെന്ന്് ലോകത്തെ അറിയിച്ചത് ഇവരാണ്. സിനിമയുടെ ടൈറ്റില്‍സിലും ഫെയ്‌സ് ബുക്കിനോടുള്ള നന്ദി അറിയിച്ചിട്ടുണ്ട്്. ഇല്ലെങ്കില്‍ അത് അവരോടുള്ള നന്ദികേടായേനെ.

കൊട്ടാരക്കരയിലെ ഉണ്ണിയപ്പംമനുഷ്യരുടെ തലവര മാറ്റുമോ?

അമ്പലപ്പുഴ പാല്‍പ്പായസം പോലെയും ആറന്മുള വള്ളസദ്യപോലെയും പുകഴ്‌പെറ്റതാണ് കൊട്ടാരക്കരയിലെ ഉണ്ണിയപ്പവും. ഉണ്ണിയപ്പം ഉണ്ടാക്കണമെങ്കില്‍ അത് കൊട്ടാരക്കരക്കാര്‍ തന്നെയുണ്ടാക്കണം. എന്താണ് ഈ രുചിയുടെ ഗുട്ടന്‍സെന്ന് കൊട്ടാരക്കരക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ നല്ല ഉണ്ണിയപ്പം തിന്നണമെങ്കില്‍ കൊട്ടരക്കരയില്‍ പോകണമെന്നതാണ് അവസ്ഥ. ഉണ്ണിയപ്പപ്രിയരായ യുവാക്കള്‍ കൊട്ടാരക്കരയില്‍പ്പോയി പെണ്ണുകെട്ടാനും ഒരുമ്പെടുന്നു.ഉണ്ണിയപ്പമുണ്ടാക്കുന്നതില്‍ പെണ്ണുങ്ങളേക്കാള്‍ മിടുക്ക് കൊട്ടാരക്കരയിലെ ആണുങ്ങള്‍ക്കാണെന്നതാണ് പരസ്യമായ ഒരു രഹസ്യം. സാള്‍ട്ട് ആന്റ് പെപ്പറിലെ കുക്ക് ബാബുവാണ് ഇതിന് മികച്ച എക്‌സാംപിള്‍. കൊട്ടാരക്കരയിലെ ഒരു വീട്ടില്‍ പെണ്ണുകാണാനെത്തിയ കാളിദാസന്് (ലാല്‍) പെണ്ണിനെയല്ല മുമ്പില്‍കൊണ്ടുവച്ച ഉണ്ണിയപ്പത്തെയാണ് ബോധിച്ചത്. ഇതാരുണ്ടാക്കി എന്ന അന്വേഷണം അടുക്കളയും കടന്ന്് അടുക്കളപ്പുറത്തിരുന്ന്് ്അരിയാട്ടിക്കൊണ്ടിരിക്കു ബാബുവിലെത്തുന്നു. പിന്നെ പോരുന്നോ എന്ന ഒറ്റചോദ്യമാണ്. ആ ചോദ്യത്തില്‍ ബാബു വീണു. പെട്ടിയും കിടക്കയുമെടുത്ത് ബാബു കാളിദാസനൊപ്പം കാറില്‍കയറി.

ഇടിബാബുവില്‍നിന്നും കുക്കുബാബുവിലേക്കുള്ള മോചനം തന്റെ സിനിമാജീവിത്തില്‍ വഴിത്തിരിവായെന്നു നടനും സംവിധായകനുമായ ബാബുരാജ് പറയുന്നു.

സാള്‍ട്ട് ആന്റ് പെപ്പറില്‍ ബാബുരാജ് ഇടിക്കുന്നില്ല; ഇടി കൊള്ളുന്നില്ല; തെറിവിളിക്കുന്നില്ല; ആരെയും അനാവശ്യമായി ഭീഷണിപ്പെടുത്തുന്നുമില്ല. നെറ്റിയില്‍ ഭസ്മക്കുറിയണിഞ്ഞ് മുടി ഇരണ്ടുവശത്തേക്കും ചീകിയൊതുക്കി, മാര്‍ക്കറ്റിലെ കടയില്‍ചെന്ന്് പലവ്യജ്ഞനത്തോടൊപ്പം തന്റെ പ്രിയപ്പെട്ട ബ്രാന്‍ഡിനായി ബാബുരാജ് ഭവ്യതയോടെ പറയുന്നു, ചേട്ടാ രണ്ട് രാധാസ് സോപ്പുകൂടി..

''ആഹാരം തന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവുകളുണ്ടാക്കിയിട്ടുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ വരെയുള്ള ചിത്രങ്ങളില്‍ വെറുതെ ഇടിമേടിക്കുന്ന വേഷങ്ങളായിരുന്നു. ചെയ്തിരുന്നത്. ഇപ്പോള്‍ ബാബുവിന് അഭിനയിക്കാനറിയാം എന്ന് ആളുകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്'.'.ബാബുരാജ് പറയുന്നു.

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അടുക്കളയില്‍ കയറി നന്നായി 'പെരുമാറാന'റിയാം ബാബുരാജിന്.''വാണിക്കും (നടിയും ബാബുരാജിന്റെ പത്‌നിയുമായ വാണിവിശ്വനാഥ്) മക്കള്‍ക്കും ഞാന്‍ ഇടയ്ക്കിടെ ഭക്ഷണം തയ്യാറാക്കാന്‍ അടുക്കളയില്‍ കയറാറുണ്ട്. എന്റെ പാചകം അവര്‍ക്കിഷ്ടമാണ്

വാണിയുമായി പരിചയപ്പെട്ട നാളുകളില്‍ ലൊക്കേഷനില്‍വച്ച് ഫ്രൈഡ്‌റൈസും മറ്റും ഉണ്ടാക്കിയിട്ടുണ്ട്്. ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന സമയത്ത് അവിടെ മട്ടണ്‍കൊണ്ടുള്ള ഇറച്ചിക്കറി കിട്ടുമായിരുന്നു. ഒരു പ്രത്യേക തരത്തിലാണ് അത് പാകം ചെയ്യുന്നത്. ഞാനത് ഉണ്ടാക്കാന്‍ പഠിച്ചിരുന്നു. ഇപ്പോള്‍ വീ്ട്ടിലും ഇടയ്ക്ക് ഉണ്ടാക്കും. ഞങ്ങളതിനെ ജയില്‍കറി എന്നാണുവിളിക്കുന്നത്. കുക്കുബാബു മലയാളികള്‍ക്കിടയില്‍ പോപ്പുറായ സമയത്തുതന്നെയാണ് ബാബുരാജ് സംവിധാനംചെയ്ത മനുഷ്യമൃഗം തിയറ്ററുകളിലെത്തിയതും. ഇനി പഴയ വില്ലന്‍വേഷങ്ങളിലേക്കു മടങ്ങുമോ എന്ന ചോദ്യത്തിന് ബാബുരാജിന്റെ ഉത്തരം കരുതലോടെ.

എല്ലാവരേയും പോലെ എനിക്കും നല്ല വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. പക്ഷെ സിനിമ എന്ന വ്യവസായത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ചിലപ്പോള്‍ വില്ലന്‍ വേഷങ്ങളും അഭിനയിക്കേണ്ടിവരും. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ടെന്‍ഷനുള്ള പണിയാണ് അഭിനയം. അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി. സംവിധായകന് സിനിമയുടെ മുഴുവന്‍ ഉത്തരവാദിത്വങ്ങളുമുണ്ട്.

 

Copyright 2010 ezhuth online.

Theme by WordpressCenter.com.
Blogger Template by Beta Templates.